സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ
ഭുവനേശ്വർ: ഉറങ്ങുന്നതിനിടെ സഹപാഠികൾ കണ്ണിൽ പശ തേച്ചൊട്ടിച്ചതിനെത്തുടർന്ന് 8 വിദ്യാർഥികൾ ആശുപത്രിയിൽ. 3,4,5 ക്ലാസുകളിലുള്ള വിദ്യാർഥികളെയാണ് കൺപോളകൾ പരസ്പരം ഒട്ടിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒഡീശയിലെ കാഠ്മണ്ഡു ജില്ലയിലെ സേവാശ്രം സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം. ജില്ലാ ഭരണകൂടം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
രാത്രിയിൽ ഉറങ്ങിക്കൊണ്ടിരുന്ന വിദ്യാർഥികളുടെ കണ്ണിൽ ആണ് പശ തേച്ചത്. ചൊറിച്ചിലും വേദനയും മൂലം ഉയർന്ന കുട്ടികൾ കണ്ണ് തുറക്കാനാകാതെ വന്നതോടെ ഉറക്കെ കരയുകയായിരുന്നു. പ്രാദേശിക ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പെട്ടെന്ന് തന്നെ ചികിത്സ ലഭിച്ചതിനാൽ കുട്ടികളുടെ കാഴ്ച ശക്തി നഷ്ടപ്പെടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി.
സ്കൂളിലെ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ ജില്ലാ ഭരണകൂടം പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ശിശുക്ഷേമ ഓഫിസർ ആശുപത്രി സന്ദർശിച്ചു.