സംരക്ഷിത ജീവികളുടെ അനധികൃത വ്യാപാരം: അറബ് പൗരൻ അറസ്റ്റിൽ
ദുബായ്: വംശനാശഭീഷണി നേരിടുന്ന സംരക്ഷിത ജീവികളെ അനധികൃതമായി കടത്തുകയും വ്യാപാരം നടത്തുകയും ചെയ്ത കേസിൽ ഒരു അറബ് പൗരനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപന നിരോധിച്ച അപൂർവയിനം കൊക്കുകൾ, കുറുക്കൻ തുടങ്ങിയ മൃഗങ്ങളെ ഇയാൾ കൈവശം വച്ചിരുന്നു. വിവിധ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കണ്ടെത്തിയ മൃഗങ്ങളെ ഷാർജ എൻവയോൺമെന്‍റ് ആൻഡ് നേച്ചർ റിസർവ് അതോറിറ്റിയുമായും കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായും സഹകരിച്ച് സംരക്ഷിത വനമേഖലകളിലേക്ക് മാറ്റി.
പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി. സംരക്ഷിത മൃഗങ്ങളെ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
യുഎഇ നിയമ പ്രകാരം ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെ കൈവശം വച്ചാൽ 10,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ (ഏകദേശം 1.1 കോടി രൂപ) പിഴ ചുമത്തും.
പരിസ്ഥിതി സംരക്ഷണ നിയമം 1999 അനുസരിച്ച് പക്ഷികളെയും വന്യമൃഗങ്ങളെയും കടൽ ജീവികളെയും വേട്ടയാടുന്നതും കൊല്ലുന്നതും പിടികൂടുന്നതും നിരോധിച്ചിരിക്കുന്നു. പ്രത്യേക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയ ശേഷം മാത്രമേ ഇവയെ പിടികൂടാൻ പാടുള്ളൂ. കഴിഞ്ഞ ഒക്ടോബറിൽ അബുദാബിയിൽ വേട്ടപ്പരുന്തിനെ ഉപയോഗിച്ച് അനധികൃതമായി വേട്ടയാടിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.