വജ്രവ്യാപാരി ധിരു റമാനി

 
Crime

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി മോചിതനായി; 44 കോടി രൂപ മോചനദ്രവ്യം നൽകിയെന്ന് റിപ്പോർട്ട്

ഈ വർഷം ഏപ്രിലിൽ മാലിയിൽ കഴിയുന്നതിനിടെയാണ് അജ്ഞാത സായുധസംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്

Sarath Nath MS

സൂറത്ത്: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ മൂന്ന് മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ പ്രമുഖ വജ്രവ്യാപാരി ധിരു റമാനി മോചിതനായതായി റിപ്പോർട്ട്. മോചനത്തിനായി കുടുംബം നാല് മില്യൺ യൂറോ (ഏകദേശം 44 കോടി രൂപ) മോചനദ്രവ്യം നൽകിയെന്നാണ് വിവരം.

75 വയസുള്ള ധിരു റമാനി ഗുജറാത്തിലെ അമ്രേലി സ്വദേശിയാണ്. സൂറത്തിലെ വജ്രവ്യാപാര രംഗവുമായി ദീർഘകാലമായി ബന്ധമുള്ള അദ്ദേഹം പിന്നീട് അമെരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. അടുത്തിടെ മാലിയിൽ ഒരു സ്വർണഖനി സ്വന്തമാക്കിയ ശേഷം അവിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനം. ഈ വർഷം ഏപ്രിലിൽ മാലിയിൽ കഴിയുന്നതിനിടെയാണ് അജ്ഞാത സായുധസംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ തട്ടിക്കൊണ്ടുപോയ സംഘം ഏകദേശം 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും പിന്നീട് അമെരിക്കയിൽ താമസിക്കുന്ന റമാനിയുടെ കുടുംബം നടത്തിയ ചർച്ചകൾക്ക് പിന്നാലെ തുക ഏകദേശം 44 കോടി രൂപ‍യായി കുറച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ ആഴ്ചയുടെ തുടക്കത്തിലാണ് പണം കൈമാറി അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ് വിവരം.

മോചിതനായെങ്കിലും ധിരു റമാനി ഇപ്പോഴും മാലിയിലാണുള്ളത്. മോചനത്തിന്‍റെ സാഹചര്യങ്ങളും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വിവരങ്ങളും സംബന്ധിച്ച് പ്രാദേശിക പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മോചനത്തിനായുള്ള ചർച്ചകൾ റമാനിയുടെ അമെരിക്കയിലെ കുടുംബം നേരിട്ടാണ് നടത്തിയതെന്നും ഇന്ത്യൻ സർക്കാർ ഏജൻസികളുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.1980 മുതൽ വജ്രവ്യാപാര രംഗത്തുള്ള റമാനിയുടെ കുടുംബം പിന്നീട് അന്താരാഷ്ട്ര തലത്തിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിരുന്നു.

റമാനിയെ തട്ടിക്കൊണ്ടുപോയ സമയത്ത് തന്നെ മാലിയുടെ തലസ്ഥാനമായ ബമാക്കോയിലെ ഇന്ത്യൻ എംബസി രാജ്യത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദേശിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പിൽ ഏതെങ്കിലും വ്യക്തിയെയോ സംഭവത്തെയോ പ്രത്യേകം പരാമർശിച്ചിരുന്നില്ല.

സമീപകാലത്ത് മാലിയിൽ സായുധസംഘങ്ങളുടെ ആക്രമണങ്ങളും വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.

പ്രതിഷേധിക്കുന്നവർക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? താക്കീതുമായി സുപ്രീം കോടതി

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റിനെച്ചൊല്ലി വീണ്ടും ബഹളം; രാജ്യസഭ നിർത്തിവച്ചു

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്