പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ
ന്യൂഡൽഹി: രേഖകളില്ലാതെ റോഡിലിറക്കിയ വാഹനം പിടിച്ചെടുത്തതിന്‍റെ പേരിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം. ശനിയാഴ്ച വൈകിട്ട് 3 മണിയോടെ മുകുന്ദപുരിലെ ഝണ്ഠ വിഹാർ മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് വാഹനം പിടിച്ചെടുത്തത്. കേസെടുത്തതിനു ശേഷം വീണ്ടും പട്രോളിങ്ങിനെത്തിയ ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശിനെയും രാജേഷിനെയും ഒരു സംഘം വളയുകയായിരുന്നു.
അക്രമാസക്തരായ സംഘം പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം കട്ടകളും മരക്കഷ്ണങ്ങളും കൊണ്ട് ആക്രമിച്ചു. സഹപ്രവർത്തകരെ രക്ഷിക്കാനെത്തിയ ഹെഡ് കോൺസ്റ്റബിൾ ടിനുവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മൂന്നു പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ സഹായത്തോടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവരെല്ലാം രക്ഷപെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പങ്കജ് എന്ന സുനിലും അക്രമസംഘത്തിന്‍റെ ഒപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.