ഋതിക സെൻ, സച്ചിൻ രജ്പുത്
ഭോപ്പാൽ: ലിവ് ഇൻ പങ്കാളിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ 32 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗായത്രി നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 28 വയസുള്ള ഋതിക സെൻ ആണ് കൊല്ലപ്പെട്ടത്. ഋതികയുടെ പങ്കാളിയും വിദിഷ സ്വദേശിയുമായ സച്ചിൻ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 27നാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. തൊഴിൽ രഹിതനായ സച്ചിനും ഋതികയും കഴിഞ്ഞ മൂന്നര വർഷമായി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് സച്ചിൻ. 9 മാസങ്ങൾക്കു മുൻപാണ് ഇരുവരും ഒരുമിച്ച് വാടകവീട്ടിൽ താമസം തുടങ്ങിയത്.
സച്ചിന് ഋതികയോട് തോന്നിയ കടുത്ത അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഋതിക ഓഫിസിലെ ബോസുമായി പ്രണയത്തിലാണോ എന്ന് സച്ചിന് സംശയമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ സച്ചിൻ ഋതികയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കിടക്കയിൽ തന്നെ സൂക്ഷിച്ചു. മൃതദേഹത്തിനൊപ്പം രണ്ടു ദിവസമാണ് സച്ചിൻ ഉറങ്ങിയത്.
കടുത്ത മാനസിക സംഘർഷം ഒഴിവാക്കാനായി അളവിൽ കൂടുതൽ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ താൻ ഋതികയെ കൊന്നുവെന്ന് സുഹൃത്തായ അനുജിനോട് സച്ചിൻ തുറന്നു പറഞ്ഞു. അനുജ് ആണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ഋതികയുടെ മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു.