പാലക്കാട്: ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവജി റോഡ് സ്വദേശി ബൈജു എന്ന മുന്ന (32) യെയാണ് പാലക്കാട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. പാലക്കാട് മിഷൻ സ്ക്കൂളിന്‍റെ പരിസരത്തു വച്ചാണ് ലോട്ടറിവിൽപ്പനക്കാരനായ പിരിയാരി സ്വദേശി ചന്ദ്രനെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. ചന്ദ്രന്‍റെ പക്കൽ നിന്നും ബൈജു ലോട്ടറി എടുത്തിരുന്നു. ഇതിന്‍റെ പണം നൽകാമെന്നു പറഞ്ഞാണ് 76 കാരനായ ചന്ദ്രനെ ഇയാൾ ഓട്ടോറിക്ഷയിൽ കയറ്റിയത്. പിന്നീട് പാലക്കാട് യാക്കര ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ചന്ദ്രന്‍റെ ഇടതു കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിക്കു കീറിയ ശേഷം ചന്ദ്രന്‍റെ പക്കലുണ്ടായിരുന്ന 19,000 രൂപയും 6500രൂപയുടെ ലോട്ടറിയുമാണ് പ്രതി തട്ടിയെടുത്തത്. ചന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്. പ്രതിയെ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു