ഷെഫീഖുൾ ഇസ്ലാം
കോതമംഗലം: സംസ്ഥാനത്ത് ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അങ്കമാലിയിൽ പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) നെയാണ് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തൂഫാൻ ഓപ്പറേഷന്‍റെ ഭാഗമായി അങ്കമാലിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര 3 ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ഷെഫീഖുൾ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദാ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പത്ത് വർഷത്തോളമായി ഇയാൾ കേരളത്തിലുണ്ട്. കുറേകാലം പല പ്ലൈവുഡ് കമ്പനികളിലായി ജോലി ചെയ്തു. ആക്രി കച്ചവടവുമുണ്ടായിരുന്നു. അതിനിടെയാണ് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിയത്.
ഇയാൾ അസമിലേക്കും കൊച്ചിയിലേക്കും വിമാനമാർഗ്ഗമാണ് സഞ്ചരിച്ചിരുന്നത്. അസമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ചെറിയ ഒരു ബോട്ടിലിന് ആയിരം രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നു.പെരുമ്പാവൂർ ആയിരുന്നു ഇയാളുടെ പ്രധാന മേഖല. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇയാൾ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പൊലീസിന്‍റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലായിരുന്നു വീടുകൾ തെരഞ്ഞെടുത്തിരുന്നത്.
പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായ് മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ പൊലീസ് കണ്ടെത്തി. ഇയാളുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. അസമിൽ നിന്ന് കാർമാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന മൂന്നംഗ സംഘമാണ് നേരത്തെ അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. കാറിന്‍റെ രഹസ്യ അറകളിൽ ബാഗുകളിൽ സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറായിരുന്നു. ആദ്യമായിട്ടാണ് ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടക്കുന്നത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്റ്റർ ബി.കെ അരുൺ, എസ്ഐമാരായ കെ.പി. വിജു, ജിഷ്ണു രാജു, എഎസ്ഐ പി.എ.അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, അജിതാ തിലകൻ, റോബിൻ ജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.