പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 5 വർഷം പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ
ജയ്പുർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തുടർച്ചയായി അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സദാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികൾക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ മക്കളുമായി അമ്മ ആശുപത്രിയിലെത്തിയതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്.
കുട്ടികൾ നിരന്തരമായി മാനസിക സംഘർഷം അനുഭവിക്കുന്നതായും അമ്മ ഡോക്റ്ററോടു പറഞ്ഞിരുന്നു. പരിശോധനയ്ക്കൊടുവിൽ കുട്ടികൾ പലതവണ ബലാത്സംഗത്തിന് ഇരയായതായി ഡോക്റ്റർ കണ്ടെത്തി. ജൂൺ 20നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
ജൂൺ 21ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയെ വിവരം അറിയിച്ചു. തുടക്കത്തിൽ കുട്ടികളുടെ അമ്മ പരാതിപ്പെടാൻ തയാറായിരുന്നില്ല. എൻജിഒയുടെ നേതൃത്വത്തിൽ അമ്മയ്ക്കും മക്കൾക്കും കൗൺസിലിങ്ങ് നൽകിയതിനു ശേഷമാണ് വേണ്ടത്ര തെളിവുകളോടെ കേസ് ഫയൽ ചെയ്ത് പിതാവിനെ അറസ്റ്റ് ചെയ്തത്.