രത്നം പതിപ്പിച്ച ലോക്കറ്റ് വിഴുങ്ങി; ന്യൂസിലൻഡിലും 'തൊണ്ടിമുതലും ദൃക്സാക്ഷിയും' മോഡൽ മോഷണം
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന മലയാള സിനിമയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണിപ്പോൾ ന്യൂസിലൻഡ് പൊലീസ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 19,000 ഡോളർ വില വരുന്നൊരു ലിമിറ്റഡ് എഡിഷൻ ഒക്റ്റോപസ് പെൻഡന്‍റ് വിഴുങ്ങിയ കള്ളന് കാവലിരിക്കുകയാണിപ്പോൾ ന്യൂസിലൻഡിലെ പൊലീസ്.
ഓക്‌ലൻഡ് ജുവലറിയിൽ നിന്ന് നവംബർ 28നാണ് വിലയേറിയ പെൻഡന്‍റ് മോഷണം പോയത്. 1983ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ഒക്റ്റോപസിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നിർമിച്ച ഫാബെർജ് ഒക്റ്റോപസ് എന്ന ലിമിറ്റഡ് എഡിഷൻ പെൻഡന്‍റ് ആണ് 32കാരനായ മോഷ്ടാവ് വിഴുങ്ങിയത്. മിനിറ്റുകൾക്കുള്ളിൽ ഇയാളെ പിടി കൂടി.
60 വജ്രക്കല്ലുകളും 13 ഇന്ദ്രനീലക്കല്ലുകളും പതിപ്പിച്ച തുറന്നിരിക്കുന്ന മുട്ടയുടെ ആകൃതിയിലുള്ള പെൻഡന്‍റിനുള്ളിലായി 18 കാരറ്റിൽ സ്വർണത്തിൽ തീർത്ത കുഞ്ഞു നീരാളിയാണുള്ളത്. ഇയാൾ പെൻഡന്‍റ് വിഴുങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ദേഹ പരിശോധന നടത്തിയിട്ടും പെൻഡന്‍റ് തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ മോഷ്ടാവ് വിസർജിക്കും വരെ കാത്തിരിക്കുകയല്ലാതെ പൊലീസിന് മറ്റു നിവൃത്തിയില്ല. പ്രതിയെ മുഴുവൻ സമയവും നിരീക്ഷിക്കാനായി ഒരു ഓഫിസറെയും നിയോഗിച്ചിട്ടുണ്ട്.