മൊബൈൽ ഫോൺ മോഷണം: ഏഷ്യൻ പൗരന്മാർക്ക് ഒരു മാസം തടവും 211,000 ദിർഹം പിഴയും വിധിച്ചു
ദുബായ്: 48 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഏഷ്യൻ പൗരന്മാർക്ക് ദുബായ് മിസ്ഡിമെനർ ആൻഡ് വയലേഷൻസ് കോടതി ഒരു മാസം തടവും 211,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ഫോണുകൾ വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് ഒരു ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനി ഉടമയെ പ്രതികൾ വഞ്ചിച്ചത്. 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താൻ വഞ്ചിക്കപ്പെട്ടതായും, തനിക്ക് സംശയമുള്ള രണ്ടു പേർ 48 മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും ചൂണ്ടിക്കാട്ടി ഒരു സെയിൽസ് മാനാണ് പരാതി നൽകിയത്.
താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ നായിഫ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഫോണുകൾ എത്തിച്ച് 211,000 ദിർഹം ശേഖരിക്കാൻ നിർദേശിച്ചുവെന്ന് പരാതിക്കാരൻ വിശദീകരിച്ചു. അവിടെ എത്തിയപ്പോൾ ഒന്നാം പ്രതി കാത്തിരിക്കുകയായിരുന്നു. വാങ്ങുന്നയാൾ എന്ന നിലയിൽ രണ്ടാമത്തെ പ്രതിയെ അയാൾ പരിചയപ്പെടുത്തുകയും ചെയ്തു. അതോടെ, പരാതിക്കാരൻ ഫോണുകൾ കൈമാറി.
തന്‍റെ അടുത്തുള്ള ഓഫിസിലാണ് പേയ്മെന്‍റെന്നും, ഫോണുകൾ ഓഫിസിൽ വയ്ക്കാനും പണം നൽകാൻ തന്നോടൊപ്പം വരാനും പരാതിക്കാരനോട് രണ്ടാമത്തെ പ്രതി ആവശ്യപ്പെട്ടു. എന്നാൽ, രണ്ടാമത്തെ പ്രതി വൈകുന്നതിന്‍റെ കാരണമെന്തെന്ന് ഒന്നാമനോടു ചോദിച്ചപ്പോൾ, തന്‍റെ പങ്കാളി ഫോണുകളുമായി ഓടിപ്പോയെന്ന് അയാൾ പറഞ്ഞു. ഒന്നാമൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പരാതിക്കാരൻ അയാളെ പിടികൂടി. കമ്പനി ഉടമയെ ബന്ധപ്പെടുകയും അദ്ദേഹം സ്ഥലത്തെത്തി സംഭവം പൊലിസിൽ അറിയിക്കുകയും ചെയ്തു.