പ്രതി പ്രിയ സിങ് മകളും
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മൂന്നു വയസുകാരി മകളെ തടാകത്തെലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഏറെ നാളായി ലിവ് ഇങ് റിലേഷനിലായ യുവതി കുട്ടിയെ ഒഴിവാക്കാനായാണ് അന സാഗർ തടാകത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച ബജ്രംഗ് ഗർ ക്രോസിങിന് സമീപം പെട്രോളിങ്ങിനിറങ്ങിയ പൊലീസ് പ്രിയ സിങ് എന്ന സ്ത്രീയെ സംശയാസ്പദമായ രീതിയിൽ വഴിയിൽ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. വഴിയിൽ യുവതിയെയും കാമുകനേയും കണ്ട് പൊലീസ് ചോദിച്ചപ്പോൾ തന്‍റെ മകളെ കാണാനില്ലെന്നും വീട്ടിൽ നിന്നും ഒരുമിച്ച് ഇറങ്ങിയതാണെന്നും യുവതി പറയുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി രാത്രി അന സാഗർ തടാകത്തിലേക്ക് കുട്ടിയുമായി പോവുന്നതും അൽപനേരത്തിന് ശേഷം കുട്ടിയില്ലാതെ തിരികെ വരുന്നതും കണ്ടെത്തി. തടാകത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമല്ലാത്തതിനാലാണ് കൊലപാതകമെന്നും എന്നാൽ അയാൾക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും യുവതി മൊഴി നൽകി.