രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

 
Crime

''രാശി ശരിയല്ല!'' 41 ദിവസം പ്രായമുളള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന്‍റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

Megha Ramesh Chandran

കന്യാകുമാരി: തമിഴ്നാട്ടിൽ ഭർതൃമാതാവിന്‍റെ കുത്തുവാക്ക് കാരണം 41 ദിവസം പ്രായമുളള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. കന്യാകുമാരിയിലെ കരങ്ങലിനടുത്താണ് സംഭവം. സംഭവത്തിൽ 20 വയസുകാരിയായ അമ്മ ബെനിറ്റയെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച മുലയൂട്ടുന്നതിനിടെയാണ് പെൺകുഞ്ഞ് ബോധരഹിതയായി മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന്‍റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കുഞ്ഞിനെ അമ്മ ബെനിറ്റ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുളള ഭർത്താവ് കാർത്തിക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം ചെയ്തപ്പോള്‍ നെറ്റിയില്‍ രക്തം കണ്ടെത്തി. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്‍റെ കഷണവും ലഭിച്ചു. ഇതോടെയാണ് വായില്‍ ടിഷ്യു പേപ്പര്‍ തിരുകിയതോടെ കുട്ടി ശ്വാസംമുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ബെനിറ്റയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബെനിറ്റയും കാർത്തിക്കും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരു കുടുംബത്തിന്‍റെയും എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ബെനിറ്റ പ്രസവിച്ച വിവരമറിഞ്ഞ് കാര്‍ത്തിക്കിന്‍റെ അമ്മ കാണാന്‍ വന്നു. പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ കുട്ടിയുടെ രാശി ശരിയല്ലെന്ന് പറഞ്ഞ് ബെനിറ്റയുമായി അമ്മായിയമ്മ വഴക്കിടുകയായിരുന്നു.

തുടർന്ന് ബെനിറ്റയും കാർത്തിക്കും കുഞ്ഞും മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. പിന്നീട് കാർത്തിക്കിന്‍റെ അമ്മ ഫോണിൽ വിളിച്ച് ബെനിറ്റയുമായി വഴക്കുണ്ടായെന്ന് പൊലീസ് പറഞ്ഞു. അവർ ശകാരിച്ചപ്പോഴും ഭര്‍ത്താവ് അവര്‍ക്ക് അനുകൂലമായി സംസാരിച്ചെന്ന് പറഞ്ഞ് ബെനിറ്റ കാർത്തികിനോട് കലഹിച്ചു. തുടർന്ന് കുഞ്ഞിനെ ചുമരിലേക്ക് എറിഞ്ഞുവെന്നും കുട്ടിയുടെ തല മുറിഞ്ഞ് രക്തം വന്നെന്നും കാര്‍ത്തിക് പൊലീസിനോട് വെളിപ്പെടുത്തി.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ