ടി.ജി. മോഹൻദാസ്
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ വെടിവച്ചു കൊല്ലണമെന്നും, ബലാത്സംഗം ആഗ്രഹിക്കുന്ന പെൺകുട്ടുകളാണ് സമരത്തിനു വരുന്നതെന്നും പറഞ്ഞ ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ ആർഎസ്എസ് തള്ളിപ്പറഞ്ഞു. മോഹൻദാസിന്‍റെ പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണെന്നും ഒരു നിലയിലും സംഘടനയ്ക്ക് അതിൽ പങ്കോ യോജിപ്പോ ഇല്ലെന്നും ആർഎസ്എസ് ദക്ഷിണ കേരള സഹ പ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാർ പറയുന്നു.
ബിജെപി ഇന്‍റലക്ച്വൽ സെല്ലിന്‍റെ മുൻ സംസ്ഥാന കൺവീനറാണ് ടി.ജി. മോഹൻദാസ്. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ ഭാരവാഹിയും ആയിരുന്നു. എന്നാൽ, സംഘടനയുമായി ഇയാൾക്ക് ഒരു തരത്തിലും ബന്ധമില്ലെന്നാണ് ഇപ്പോൾ കേരളത്തിലെ ആർഎസ്എസിന്‍റെ സീനിയർ പ്രചാരക് എം. ഗണേശൻ പറയുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജിയിലേക്കു നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിനെതിരേ യൂട്യൂബ് ചാനലിൽ പങ്കുവച്ച 30 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിലാണ് മോഹൻദാസ് ആക്രമണോത്സുകമായ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. താനായിരുന്നു അധികാരത്തിലെങ്കിൽ, ജന്തർ മന്തറിന് ചുറ്റും നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും, മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വിദ്യാർഥികൾക്കു നേരേ വെടിവയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ചിലർ മരിക്കുമെന്നും ചിലർക്ക് അംഗഭംഗം വരുമെന്നും നാല് മണിക്കൂറിനുള്ളിൽ സാഹചര്യം നിയന്ത്രണത്തിലാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുമെന്നും മോഹൻദാസ് പറഞ്ഞു.
ഇതിനുപുറമെ, ഇടതുപക്ഷ-മതേതര വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരാമർശത്തിൽ ബലാത്സംഗങ്ങൾക്ക് ഇരയാകുന്നവരെക്കുറിച്ചും അത്യന്തം അധിക്ഷേപകരമായ രീതിയിലാണ് ഇയാൾ സംസാരിച്ചത്. ബലാത്സംഗം ആഗ്രഹിക്കുന്ന ചില സ്ത്രീകളുണ്ടെന്നും, പ്രത്യേകിച്ചും ഇടതുപക്ഷക്കാരിലും മതേതരവാദികളിലും ഇത്തരക്കാരുണ്ടെന്നുമായിരുന്നു മോഹൻദാസിന്‍റെ വാക്കുകൾ.
വ്യാപക പ്രതിഷേധവും പോലീസിൽ പരാതിയും
ഈ പരാമർശങ്ങൾക്കെതിരേ കേരളത്തിലുടനീളം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രമുഖ വിദ്യാർഥി സംഘടനകൾ സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതിയും നൽകിയിരുന്നു. സമരക്കാരായ വിദ്യാർഥികൾക്കു നേരെ വെടിയുതിർക്കാൻ ആഹ്വാനം ചെയ്തതും ജീവന്‍റെ വിലയെ ഇടിച്ചു കാണിച്ചതും സാമൂഹികാന്തരീക്ഷം തകർക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മോഹൻദാസിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും വീഡിയോ പ്രചരിച്ച യൂട്യൂബ് ചാനലിനെതിരേ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ ശക്തമായ അപലപനവുമായി രംഗത്തെത്തി. ഭിന്നാഭിപ്രായങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന സംഘപരിവാർ അജൻഡയാണ് ഈ പ്രസ്താവനകളിൽ നിഴലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ആർഎസ്എസിനെ പ്രീണിപ്പിക്കുന്നതിനായി കേരളത്തിലെ ഭരണസംവിധാനങ്ങളെയും പൊലീസിനെയും നിരീക്ഷകരുടെ വേഷത്തിലേക്ക് ചുരുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐവൈഎഫ്, എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ, സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദമായപ്പോൾ 'പരിഹാസം' എന്ന് ന്യായീകരണം
തനിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ടി.ജി. മോഹൻദാസ് രംഗത്തെത്തി. താൻ നടത്തിയ പരാമർശങ്ങൾ 'പരിഹാസപരവും' (satirical) തികച്ചും സാങ്കൽപികവുമായ ('hypothetical') കാര്യങ്ങൾ മാത്രമാണെന്നും, തന്‍റെ ദീർഘമായ വീഡിയോയിലെ ചെറിയ ഭാഗങ്ങൾ മാത്രം അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നെന്നുമാണ് ഇയാൾ ഇപ്പോൾ പറയുന്നത്. മാധ്യമങ്ങളും ഇടതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകളുമാണ് വിവാദത്തിന് പിന്നിലെന്നും ഇയാൾ ആരോപിക്കുന്നു.