10 ക്വിന്‍റൽ ഭാരമുള്ള പീരങ്കിയുമായി സ്ഥലം വിട്ടു; നർവാർ കോട്ടയിൽ വീണ്ടും മോഷണം
ശിവപുരി: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ സൂക്ഷിച്ചിരുന്ന 400 വർഷം പഴക്കമുള്ള പീരങ്കി മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ചയ്ക്കു വ്യാഴാഴ്ചയ്ക്കു ഇടയിലാണ് പീരങ്കി നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു സംഘം ആളുകൾ കോട്ടയിലെത്തിയിരുന്നെന്നും പീരങ്കിയുമായി കടന്നു കളഞ്ഞെന്നുമാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കുറച്ചു ദിവസം മുൻപ് പീരങ്കി പ്രദർശിപ്പിച്ചിരുന്ന സ്ഥലത്തു നിന്ന് താഴേക്കു വീണിരുന്നു. പിന്നീട് അത് സുരക്ഷിതമായി തിരിച്ചു വച്ചിരുന്നില്ല. സംഭവം ഗുരുതരമാണെന്ന് സംസ്ഥാന ആർക്കിയോളജി ഡിപ്പാർട്മെന്‍റ് ഡപ്യൂട്ടി ഡയറക്റ്റർ തരുൺ കുമാർ ശ്രീവാസ്തവ പറയുന്നു.
പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കച്വാഹ രജപുത്രർ പുനർ നിർമിച്ചതാണ് കോട്ട. ഇവിടെ 14 പീരങ്കികളാണ് ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 ക്വിന്‍റൽ ഭാരമുള്ള പീരങ്കിയാണ് മോഷണം പോയിരിക്കുന്നത്. അതു കൊണ്ടു തന്നെ വലിയൊരു വാഹനത്തിലായിരിക്കാം ഇതു കടത്തിക്കൊണ്ടു പോയതെന്ന നിഗമനത്തിലാണ് പൊലീസ്. 2007ലും കോട്ടയിൽ സമാനമായ മോഷണം നടന്നിട്ടുണ്ട്. അന്ന് രണ്ട് പീരങ്കികൾ ആണ് മോഷ്ടിക്കപ്പെട്ടത്. അതിലൊന്ന് ദിവസങ്ങൾക്കുള്ളിൽ തിരിച്ചു കിട്ടി. പക്ഷേ രണ്ടാമത്തേതിന്‍റെ പൊടി പോലും കണ്ടെത്താനായിട്ടില്ല. 2012ൽ കേസുമായി ബന്ധപ്പെട്ട് ശിവപുരിയിലെ പഴയ രാജവംശത്തിൽ പെട്ട ഒരാൾ അറസ്റ്റിലായി. അഷ്ട ധാതു എന്ന പുരാതന വസ്തു ഒരു കോടി രൂപയ്ക്കു വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഈ വസ്തുക്കളെല്ലാം തങ്ങളുടെ കുടുംബസ്വത്താണെന്നായിരുന്നു അന്ന് പ്രതി പൊലീസിനോട് വാദിച്ചത്.