കുട്ടികൾക്കുനേരെ മദ്യ ലഹരിയിൽ യുവാവിന്‍റെ അതിക്രമം
തൃശൂർ: വരവൂരിൽ കുട്ടികൾക്കു നേരെ മദ്യ ലഹരിയിൽ യുവാവിന്‍റെ അതിക്രമം. പാലക്കൽ ക്ഷേത്ര പരിസരത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അതിക്രമം തടയാനെത്തിയ നാട്ടുകാരെയും യുവാവ് ആക്രമിക്കുകയായിരുന്നു.
കുട്ടികൾക്കും ഒരു വയോധികയ്ക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് മദ്യലഹരിയിലെത്തിയ ഷനീഷ് എന്ന യുവാവ് ആക്രമിച്ചതെന്ന് കുട്ടികൾ മൊഴി നൽകി.
മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ബോൾ പിടിച്ചുവാങ്ങുകയും ചെയ്തതായി കുട്ടികൾ ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തിട്ടുണ്ട്.