എ. പദ്മകുമാർ
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പദ്കുമാറിന്‍റെ വിദേശയാത്രകളും സ്വത്ത് വിവരങ്ങളും അന്വേഷിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രയില്‍ പദ്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുക.
പദ്മകുമാറിന്‍റെയും ഭാര്യയുടെയും ആസ്തികളായിരിക്കും പരിശോധിക്കുക. അതേസമയം, കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പദ്മകുമാറിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണത്തിന്‍റെ ഭാഗമായി പദ്മകുമാറിന്‍റെ പാസ്‌പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.
പദ്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷിച്ചുവരുന്നുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണനുമായി ഇയാൾ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന സൂചനകള്‍ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരുടെയും ആദായനികുതി വിവരങ്ങളും രേഖകളും അടക്കം എസ്‌ഐടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 2019 ന് മുമ്പും ശേഷവുമുള്ള ഭൂമി പ്രമാണങ്ങളും എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.
പദ്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. സന്നിധാനത്ത് നിന്ന് കടത്തിയ സ്വര്‍ണം ഉപയോഗിച്ചു നടത്തിയ ഇടപാടുകളും അതില്‍ പങ്കാളികളായവരിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് 2019 മാര്‍ച്ച് 19 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണോയെന്നാണ് എസ്ഐടി പ്രധാനമായും പരിശോധിക്കുന്നത്.
ആ ബോര്‍ഡ് യോഗത്തിന്‍റെ മിനുട്‌സ് രേഖയിലാണ് പദ്മകുമാര്‍ സ്വന്തം കൈപ്പടയില്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പ് എന്നു തിരുത്തി എഴുതിയിരിക്കുന്നതെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. പദ്മകുമാറിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും എസ്ഐടി വിശദമായി പരിശോധിക്കുന്നുണ്ട്.
തങ്ങളാരും അറിയാതെയാണ് പദ്മകുമാര്‍ നടപടി സ്വീകരിച്ചതെന്നും അംഗങ്ങള്‍ ഒപ്പിട്ട ശേഷമാണ് മിനുട്‌സ് തിരുത്തിയതെന്നുമാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നത്. അതുള്‍പ്പെടെ അംഗങ്ങളായ ശങ്കര്‍ ദാസ്, വിജയകുമാര്‍ എന്നിവരുടെ മൊഴിയും പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും.