പാലക്കാട് റെയ്ൽവേ സ്റ്റേഷനിൽ 51 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് 25.88 ലക്ഷം രൂപ വിലമതിക്കുന്ന 51.750 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. പാലക്കാട് കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും തൃശൂർ കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷനും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് വഴി കേരളത്തിലേക്ക് വരുന്ന ട്രെയ്നുകളിൽ ലഹരിവസ്തുക്കൾ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയ്ൽവേ സ്റ്റേഷനിൽ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇതിനിടെ ചില ട്രെയ്നുകൾ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ അഞ്ച് ബാക്ക്പാക്കുകൾ ആളില്ലാതെ കിടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
അന്വേഷണത്തിൽ ബാഗുകൾ ഉപേക്ഷിച്ചതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആർപിഎഫിന്‍റെ സഹായത്തോടെ കസ്റ്റംസ് സംഘം ബാഗുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഓരോ ബാക്ക്പാക്കിലും ഏകദേശം രണ്ട് കിലോഗ്രാം വീതം ഭാരമുള്ള അഞ്ച് പാക്കറ്റ് കഞ്ചാവാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ൽവേ സ്റ്റേഷനിൽ കഞ്ചാവ് അടങ്ങിയ ബാഗുകൾ എത്തിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.