63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; 25 വേദികൾ, 15,000 മത്സരാർഥികൾ 
Kerala

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; 25 വേദികൾ, 15,000 മത്സരാർഥികൾ

10 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരി തെളിച്ച് കലോത്സവത്തിന് തുടക്കം കുറിക്കും

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: രാഗഭാവതാളലയങ്ങളുടെ സർഗസംഗീതവുമായി ശനിയാഴ്ച മുതൽ നാലുനാൾ തലസ്ഥാനത്ത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് അരങ്ങുണരും. സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദിയായ എംടി - നിളയിൽ സജ്ജീകരിച്ചിരിക്കുന്ന 15 അടി ഉയരമുള്ള വീണയുടെ മാതൃകയില്‍ തയാറാക്കിയ കൊടിമരത്തില്‍ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കലാമണ്ഡലത്തിന്‍റെ നേതൃത്വത്തില്‍ 44 കലാകാരന്മാര്‍ അണിനിരക്കുന്ന സ്വാഗതഗാന ദൃശ്യാവിഷ്‌കാരം. 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരി തെളിച്ച് കലോത്സവത്തിന് തുടക്കം കുറിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്‍റെ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. പിന്നാലെ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നിന്നും എത്തുന്ന വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക. 5 ഗോത്രകലാരൂപങ്ങള്‍ ആദ്യമായി മത്സരത്തിനെത്തുന്നു എന്ന പ്രത്യേകത ഈ കലോത്സവത്തിനുണ്ട്. ഇതടക്കം 249 ഇനങ്ങളിലാണ് മത്സരം.

ജില്ലകളില്‍ നിന്നും ഓണ്‍ലൈനായി വെള്ളിയാഴ്ച 700 ഓളം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 10,024 കുട്ടികള്‍ വെള്ളിയാഴ്ച രാത്രി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൗമാര കലയുടെ പൂരം കൊഴുപ്പിക്കാനെത്തിയ ആദ്യസംഘത്ത‌ിന് ആവേശോജ്വല സ്വീകരണം നൽകി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട 70ഓളം പേരടങ്ങുന്ന ആദ്യ സംഘത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആര്‍പ്പുവിളികളോടെയും വാദ്യഘോഷത്തിന്‍റെയും അകമ്പടിയോടെയും സംഘാടകര്‍ സ്വീകരിച്ചു. തൊട്ടുപിന്നാലെ വയനാട്ടില്‍ നിന്നുള്ള കുട്ടികളുമെത്തി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, എംഎല്‍എമാരായ ആന്‍റണി രാജു, എം. വിന്‍സന്‍റ്, മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ധന്യ.ആര്‍ കുമാര്‍ എന്നിവര്‍ സ്വീകരണത്തിനെത്തി.

117 പവൻ സ്വര്‍ണക്കപ്പ് വെള്ളിയാഴ്ച വൈകുന്നേ‌രത്തോടെ പ്രധാനവേദിയിലെത്തി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. കലോത്സവത്തിലെ വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇടനിലക്കാര്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാകും. കലോത്സവം അട്ടിമറിക്കാതിരിക്കാനും പ്രത്യേക നിരീക്ഷണമുണ്ട്. അപ്പീല്‍ നിയന്ത്രിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് അടുത്തതവണ ആലോചിക്കുമെന്നും മന്ത്രി.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം