ലിപ്സ്റ്റിക്കിലും ബേബി പൗഡറിലും ഓയിലിലും വ്യാജൻ: 12 സ്ഥാപനങ്ങള്‍ക്കെതിരേ കേസ് Freepik.com
Kerala

ലിപ്സ്റ്റിക്കിലും ബേബി പൗഡറിലും ഓയിലിലും വ്യാജൻ: 12 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

Thiruvananthapuram Bureau

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 59 സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിർമിച്ചതാണോ എന്നും നിർമാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണ്.

രാഹുലിനെതിരായ കേസ് ;പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം.ഹസൻ

രാഹുൽ സ്വന്തം രാഷ്ട്രീയഭാവി ഇല്ലാതാക്കി; കോൺഗ്രസ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

അന്തസ് ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം ;രാഹുലിനെതിരേ വി.ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസ് തുറന്നു; രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ