എ. ജയതിലക്
തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന ആക്ഷേപം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയോട് കേന്ദ്ര വിജിലൻസ് കമ്മിഷൻ നിർദേശിച്ചു. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരായ പരാതി പരിശോധിക്കാനാണ് നിർദേശം.
കേന്ദ്ര ഫണ്ട് വിനിയോഗം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നതിനാൽ സിവിസിയുടെ നേരിട്ടുള്ള അധികാരപരിധിക്ക് പുറത്താണെന്ന് 2025 ഏപ്രിൽ 11-ന് കമ്മിഷൻ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ കമ്മിഷൻ പരാതി അന്വേഷണത്തിനായി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ ഏപ്രിൽ 30നാണ് വിരമിക്കുന്നത്. തുടർന്ന് എ. ജയതിലക് ചുമതലയേൽക്കും.
ഇതിനിടെയാണ് അന്വേഷണം പരിശോധിക്കാനായി കേന്ദ്ര വിജിലൻസ് സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരിക്കുന്നത്.