ആനി രാജ file
Kerala

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് രാജിവയ്ക്കേണ്ടി വരും.

കേരളത്തിനു പുറത്തു മറ്റൊരു മണ്ഡലത്തിൽ കൂടി താൻ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചു കൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു എന്ന് വയനാട്ടിലെ എതിർ സ്ഥാനാർഥി ആനി രാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടും, രാഷ്‌ട്രീയ ധാര്‍മികതയ്ക്ക് ചേരാത്ത പ്രവൃത്തിയുമാണെന്ന് സിപിഐ നേതാവ് വിലയിരുത്തി.

''പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് രാജിവയ്ക്കേണ്ടി വരും. ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചര്‍ച്ചകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ ഏറെ മുൻപേ തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു തന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചര്‍ച്ചയിലുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു'', ആനി രാജ വിശദീകരിച്ചു.

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്