പീരുമേട്: ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. രാത്രി പത്ത് മണിയോടെയാണ് അരിക്കൊമ്പൻ തേക്കടിയിൽ എത്തിയത്. തുടർന്നു കാട്ടാനയെ ഡോക്‌ടർമാർ പരിശോധിച്ചു. മംഗളാദേവി ക്ഷേത്രകവാടത്തിൽ പൂജകളോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.
രാത്രി രണ്ടു മണിയോടെ, ജനവാസമേഖലയിൽ നിന്നും ഇരുപത്തഞ്ച് കിലോമീറ്ററോളം അകലെ സീനിയറോഡ മേദകാനം ഭാഗത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ആനകൾ ഏറെയുള്ള പ്രദേശമാണിത്. ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിലൂടെ കാട്ടാനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കും.
മണിക്കൂറുകൾ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ പിടിക്കാനായത്. ദൗത്യത്തിന്‍റെ അവസാന മണിക്കൂറുകളിൽ പ്രതികൂല കാലാവസ്ഥ തടസമായെങ്കിലും അരിക്കൊമ്പനെ തളയ്ക്കുകയായിരുന്നു. അഞ്ച് തവണ മയക്കുവെടി വച്ചു. പെരിയാൻ വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രയ്ക്കിടിയിലും ബൂസ്റ്റർ ഡോസ് നൽകിയിരുന്നു.