ബാലു

 
Kerala

കൂടൽമാണിക്യത്തിൽ കഴകത്തിനില്ല: ബാലു രാജിവച്ചു മടങ്ങി

പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിനെതിരേ ക്ഷേത്രത്തിലെ തന്ത്രിമാരും വാരിയർ സമാജവും രംഗത്തെത്തിയിരുന്നു

Thrissur Bureau

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ പരീക്ഷ പാസായി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ നിയമിതനായ കൊല്ലം സ്വദേശി ബാലു ജോലി രാജിവച്ചു. 

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തിൽ പറയുന്നു. എന്നാൽ, പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിനെതിരേ ക്ഷേത്രത്തിലെ തന്ത്രിമാരും വാരിയർ സമാജവും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ഫെബ്രുവരി 24നാണ് ബാലു ജോലിയിൽ പ്രവേശിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങിയേക്കുമെന്ന സാഹചര്യം വന്നതോടെ അദ്ദേഹത്തെ താത്കാലികമായി അറ്റൻഡർ ജോലിയിലേക്കു മാറ്റിയിരുന്നു. ഇതിനു ശേഷം ബാലു അവധിയിൽ പോയി. 

ഇതോടെ സംഭവം വിവാദമാവുകയും സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തു. അവധി കഴിഞ്ഞെത്തിയാൽ ബാലുവിനെ കഴകം ജോലിയിൽ തന്നെ നിയമിക്കുമെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കിയിരുന്നു.

ഓഫിസ് ജോലിയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നഭ്യർഥിച്ച് ബാലു ദേവസ്വത്തിന് അപേക്ഷ നൽകിയെങ്കിലും,നിയമാനുസൃതമല്ലാത്തതിനാൽ അത് അനുവദിക്കാനാവില്ല എന്ന് ദേവസ്വം ഭരണസമിതി വ്യക്തമാക്കി. ഇതിനിടെ ബാലു അവധി വീണ്ടും നീട്ടിയെടുക്കുകയും ചെയ്തിരുന്നു.

രണ്ടാഴ്ചത്തെ മെഡിക്കൽ ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനുള്ള ദിവസമായിരുന്ന ചൊവ്വാഴ്ച്ച അമ്മാവനോടൊപ്പം എത്തിയാണ് ബാലു രാജിക്കത്ത് നൽകിയത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്