ബിജു ജോസഫ്
തൊടുപുഴ: തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ഇടപാടിനെ ചൊല്ലി ഒന്നാം പ്രതി ജോമോന് ബിജുവിനോട് വൈരാഗ്യമുണ്ടായിരുന്നു. മാത്രമല്ല ബിജു ഒരു ലക്ഷത്തോലം രൂപ ജോമോന് നൽകാനുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബിജുവിനെ തട്ടിക്കൊണ്ട് പോയത് മൂന്നു ദിവസത്തെ പ്ലാനിങ്ങിനൊടുവിലാണെന്നും പ്രതികൾ മൊഴി നൽകി.
ബിജുവും ജോമോനും തമ്മിൽ കരാർ വ്യവസ്ഥകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് ഉപ്പുതറ പൊലീസിന്‍റെ മധ്യസ്ഥതയിൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പ്രകാരം ബിജു ജോമോന് ടെമ്പോ ട്രാവലർ, ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ഉൾപ്പെടെ കൈമാറേണ്ടതുണ്ട്. മൂന്നുമാസത്തിനുള്ളിൽ കരാർ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കാതെ വന്നപ്പോൾ കൊട്ടേഷൻ സഹായം തേടി എന്നാണ് ജോമാൻ പൊലീസിന് നൽകിയ മൊഴി.
ബിജുവിന്‍റെ ഭാര്യയെ വിളിച്ച് ജോമോൻ ഭീഷണിപ്പെടുത്തിയിരുന്നു. വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബിജുവിന്‍റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച സംഘം 19 ന് തട്ടിക്കൊണ്ടു പോവാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇത് തെറ്റിച്ച് അന്ന് ബിജു നേരത്തെ വീട്ടിലെത്തി. തുടർന്ന് പ്രതികൾ അന്ന് രാത്രി മുഴുവൻ ബിജുവിന്‍റെ വീടിന് സമീപം ചുറ്റിക്കറങ്ങി. വ്യഴാഴ്ച പുലർച്ചെ 4 മണിയോടെ അലാം വച്ച് ഉണർന്ന് ബിജുവിന്‍റെ സ്കൂട്ടറിനെ പിന്തുടർന്ന് വാഹനം തടഞ്ഞു നിർത്തി വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് ക്രൂര മർദനത്തിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ചയോടെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നുമാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. രാവിലെയോടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ചയാവും സംസ്ക്കാരം.