ബണ്ടി ചോർ
file image
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ. ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ ബണ്ടി ചോറിനെ തമ്പാനൂര്‍ റെയ്ൽവേ സ്റ്റേഷനില്‍ നിന്നാണു കസ്റ്റഡിയിൽ എടുത്തത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടി ചോര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ റെയ്ൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ബണ്ടി ചോറിനെ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ യാത്രയ്ക്ക് ഗൂഢ ലക്ഷ്യമുണ്ടോയെന്നറിയാനാണ് റെയ്ല്‍വേ എസ്പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നിന്ന് 76,000 രൂപയും കുറച്ചു സാധനങ്ങളും കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇതാവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചയച്ചത്രെ. തുടർന്നാണ് അഭിഭാഷകനെ സമീപിച്ചതെന്നും ബണ്ടി ചോർ പറയുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് റെയ്ൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് അഡ്വ. ആളൂരിന്‍റെ ഓഫിസിലേക്കാണ് ബണ്ടി ചോര്‍ പോയത്. എറണാകുളത്ത് എത്തിയശേഷമാണ് ആളൂരിന്‍റെ വിയോഗ വിവരം അറിഞ്ഞതെന്നായിരുന്നു ഇയാൾ പറഞ്ഞത്. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയ്ൽവേ പൊലീസ് വ്യക്തമാക്കിയിരുന്നു.