മുഖ‍്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. സബ്ജക്റ്റ് കമ്മിറ്റിയിൽ കൂടി ഇതു പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ‍്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെയാണ് മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്.
മുഖ‍്യമന്ത്രിയോടൊപ്പം റവന‍്യുമന്ത്രി കെ. രാജനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ പ്രകടന പത്രികയിലെ എൽഡിഎഫിന്‍റെ പ്രധാന വാഗ്ദാനമാണ് നിറവേറ്റിയിരിക്കുന്നതെന്നും മലയോര മേഖലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള തീരുമാനമാണിതെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതു മുതൽ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നൽകിയ ആവശ‍്യങ്ങൾക്കാല്ലാതെ മറ്റു ആവശ‍്യങ്ങൾക്ക് ഉപയോഗിക്കാനായി ഭൂമി വ‍്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഭേദഗതി സഹായകരമാകുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ, നിയമവിദഗ്ധർ, പരിസ്ഥിതി പ്രവർത്തതകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായി വിശദമായി ചർച്ച നടത്തിയതിനു ശേഷമാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നും നിയമസഭ ഏകകണ്ഠമായി ഇത് പാസാക്കിയെന്നും മുഖ‍്യമന്ത്രി പറഞ്ഞു.