കെ.എം. എബ്രഹാം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രണ്ടാഴ്ചയ്ക്ക് മുൻപാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. കേസ് മുൻപ് അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, കോടതിയുടെ ഉത്തരവ് വിജിലന്‍സ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് രേഖകള്‍ കൈമാറുന്നത് സംബന്ധിച്ച് കത്തുനല്‍കിയിരുന്നു. വെള്ളിയാഴ്ച വരെയും വിജിലന്‍സ് കത്തിന് മറുപടി നല്‍കിയില്ല.
തുടര്‍ന്ന് കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു പരാതി സിബിഐ എഴുതിവാങ്ങി. പിന്നീടാണ് സിബിഐ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്‍റെ എഫ്‌ഐആര്‍ സിബിഐ സംഘം സമര്‍പ്പിക്കും.