വി.എസ്. അച്യുതാനന്ദൻ
file image
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവമായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ പേരിൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന സ്മാരകം തലസ്ഥാന നഗരമധ്യത്തിൽ. വിഎസിന്‍റെ ജന്മദിനം തിങ്കളാഴ്ച ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണു പ്രഖ്യാപനം.
തിരുവനന്തപുരം വികസന അഥോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിലായിരിക്കും സ്മാരകം നിർമാണം. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരിക്കും പാർക്ക് ഉൾപ്പടെയുള്ള സ്മാരകം ഒരുക്കുക. പാളയം മുതൽ പഞ്ചാപ്പുര ജംക്‌ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാരിന്‍റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.
വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികളുടെ കളിയിടം, ജിംനേഷ്യം, പുൽത്തകിടിയിൽ വിശ്രമ സൗകര്യം, ജലധാരയും ആമ്പൽ തടാകവും, ലഘുഭക്ഷണ കിയോസ്ക്കുകൾ, പൊതു ശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂർ സുരക്ഷാസംവിധാനം എന്നിവ ഇവിടെയുണ്ടാകും.
വി.എസിന്‍റെ പൂർണകായ പ്രതിമ കൂടി ഇവിടെ നിർമിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. നിർമാണോദ്ഘാടനം ഉടനുണ്ടാകും.