ചാലക്കുടിയിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി
തൃശൂർ: മീറ്റർ നിരക്ക് നൽകാമെന്ന് പറഞ്ഞ അങ്കമാലി സ്വദേശിയെ ചാലക്കുടിയെ ഓട്ടോ ഡ്രൈവർമാർ കൂട്ടം ചേർന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം. അങ്കമാലി സ്വദേശിയെയാണ് ഭീഷണിപ്പെടുത്തിയത്. ചാലക്കുടിയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് അടുത്തുള്ള മാരുതി സർവീസ് സെന്‍ററിലേക്ക് പോകാനായി ഓട്ടം വിളിച്ചപ്പോഴാണ് മീറ്റർ ഇടാൻ നിർദേശിച്ചത്.
എന്നാൽ ഡ്രൈവർ ഇക്കാര്യം നിരസിച്ചതോടെ പരാതിക്കാരൻ ഫോണിൽ വിഡിയോ പകർത്താൻ തുടങ്ങി. അതോടെ ഡ്രൈവർ മീറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും പെട്ടെന്ന് തന്നെ ഓട്ടോ സ്റ്റാൻഡിലേക്ക് തിരിച്ചു പോകുകയായിരുന്നു. പിന്നീട് മറ്റ് ഓട്ടോ ഡ്രൈവർമാരെ വിളിച്ചു കൂട്ടി മൊബൈൽ ഫോൺ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി.
ഭീഷണിപ്പെടുത്തി ഓട്ടോക്കൂലി കൂടി വാങ്ങിയ ശേഷമാണ് ഡ്രൈവർമാർ യാത്രക്കാരനെ പോകാൻ അനുവദിച്ചത്. മോട്ടോർ വാഹന വകുപ്പിലോ പൊലീസിലോ പരാതി നൽകിയാലും തങ്ങൾക്കെതിരേ നടപടിയുണ്ടാകില്ലെന്ന് ഡ്രൈവർമാർ വെല്ലുവിളിച്ചതായും ആരോപണമുണ്ട്.