നിർമാണ തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ

 
Kerala

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ

ബലപ്രയോഗത്തിലുടെ പരാതിക്കാരനെ ജീപ്പിൽ കയറ്റിയപ്പോഴുണ്ടായ മുറിവുകളാണ് വൂണ്ട് സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയതെന്ന എസ്ഐ യുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല.

MV Desk

തിരുവനന്തപുരം: നിർമാണ തൊഴിലാളിയെ വർക്കല എസ്ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. തുക സർക്കാർ നൽകിയ ശേഷം എതിർ കക്ഷിയായ എസ്ഐ പി.ആർ. രാഹുലിൽ നിന്നും സർക്കാരിന് നിയമാനുസൃതം തിരിച്ചു പിടിക്കാമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 % പലിശ നൽകണം. ഉത്തരവ് നടപ്പാക്കി 2 മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് നൽകണം. മർദ്ദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് തുക നൽകേണ്ടത്.

2022 ഓഗസ്റ്റ് 30 ന് പാലച്ചിറ സൗപർണികയിൽ സുരേഷിന്‍റെ വീട്ടിൽ മതിൽ നിർമ്മാണ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് തനിക്കു മർദ്ദനമേറ്റതെന്ന് ചാത്തന്നൂർ കോയിപ്പാട് സുരേഷ് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് അടിവയറ്റിൽ വേദനയും മൂത്രതടസവുമുണ്ടായി. കൊല്ലം മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പൊലീസ് മേധാവി എന്നിവർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം പരാതിക്കാരന്‍റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. വർക്കല എസ്ഐ ജയരാജ്, ജീപ്പ് ഡ്രൈവർ എസ്.ജെസീൻ എന്നിവർക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷൻ ഇവരെ ഒഴിവാക്കി. ബലപ്രയോഗത്തിലുടെ പരാതിക്കാരനെ ജീപ്പിൽ കയറ്റിയപ്പോഴുണ്ടായ മുറിവുകളാണ് വൂണ്ട് സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയതെന്ന എസ്ഐ യുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല.

അങ്ങനെ സംഭവിച്ചെങ്കിൽ വർക്കല സ്റ്റേഷനിലെത്തിക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്ക് വിധേയമാക്കണമായിരുന്നു. സ്റ്റേഷനിലെ ജനറൽ ഡയറിയിൽ മർദ്ദനമേറ്റയാളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടില്ല. കരമണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതതെന്നാണ് എസ്ഐ യുടെ വാദമെങ്കിലും വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് മർദ്ദനമേറ്റയാളുടെ പേരിൽ ചുമത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ പറഞ്ഞു.

സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് വൈകിട്ട് 3.30നാണ്. 6 മണിക്ക് വിട്ടയച്ചു എന്ന വാദം തെറ്റാണ്. 9.30നാണ് വിട്ടയച്ചത്. സുരേഷ് നേരേ പോയത് ആശുപത്രിയിലേക്കാണ്. 5 മുതൽ 6 മണിക്കൂർ വരെ സുരേഷിനെ നിസാര കുറ്റത്തിന് സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചുമെന്നുമുള്ള വാദങ്ങൾ സ്ഥിരീകരിക്കാൻ പര്യാപ്തമാണെന്ന് ഉത്തരവിൽ പറഞ്ഞു. സംഭവത്തിൽ എസ്ഐക്കെതിരെ അന്വേഷണം നടക്കുകയാണെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ പരിഗണിച്ചു. സുരഷിന് ദേഹോപദ്രവം ഏറ്റതായി ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തലും കമ്മീഷൻ എടുത്തു പറഞ്ഞു.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

ശബരിമല തീർഥാടനം; 450 ബസുകളുമായി കെഎസ്ആർടിസി