"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം
file
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഏതാണ്ടെല്ലാ അംഗങ്ങളുടെയും പൊതു അഭിപ്രായം. സർക്കാരിനും സിപിഎമ്മിനുമെതിരേ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല.
പിഎം ശ്രീ പദ്ധതി വിവാദം, തിരുവനന്തപുരം കോർപ്പറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ വീഴ്ച എന്നിവയെല്ലാം പ്രശ്നമായി. സർക്കാരിന്‍റെ പത്തു കൊല്ലത്തെ പ്രവർത്തനം ജനങ്ങളിലെത്തിക്കാനായില്ല. സോഷ്യൽ മീഡിയ പ്രചാരണവും പരാജയമായി. ഇതു സംഘടനാപരമായ വീഴ്ചയാണ്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ജനങ്ങൾക്കു വലിയ സംശയമുണ്ടായി.
അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പദ്മകുമാർ അടക്കമുള്ളവർക്കെതിരേ സംഘടന കൃത്യമായ നടപടി എടുക്കാതിരുന്നത് സംശയം വർധിപ്പിച്ചു- യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.