ഭിന്നശേഷി സംവരണ നിയമന വിഷയം: നിലപാട് മാറ്റി മന്ത്രി, ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

 
Kerala

ഭിന്നശേഷി സംവരണ നിയമന വിഷയം: നിലപാട് മാറ്റി മന്ത്രി, ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ജോസ് കെ. മാണി എം.പി, ജോബ് മൈക്കിൾ എംഎൽഎ എന്നിവർക്കൊപ്പമാണ് മന്ത്രി അരമനയിൽ എത്തിയത്.

Local Desk

കോട്ടയം: ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ നിലപാടിൽ അയവ് വരുത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചങ്ങനാശേരിയിലെത്തി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അരമനയിൽ എത്തിയ മന്ത്രിയുടെ സന്ദർശനം അര മണിക്കൂർ നീണ്ടു. ജോസ് കെ. മാണി എം.പി, ജോബ് മൈക്കിൾ എംഎൽഎ എന്നിവർക്കൊപ്പമാണ് മന്ത്രി അരമനയിൽ എത്തിയത്. ഈ മാസം 13ന് മാനേജുമെന്‍റുകളുമായി വിഷയം ചർച്ച നടത്തുമെന്നദ്ദേഹം അറിയിച്ചു.

ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്‍റുകളും സർക്കാരും തമ്മിൽ അഭിപ്രായ വത്യാസം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ അരമന സന്ദർശനം. എൻഎസ്എസ് മാനേജ്മെന്‍റ് സുപ്രീം കോടതിയിൽ നിന്നും നേടിയെടുത്ത അനുകൂല വിധി തങ്ങൾക്കും ബാധകമാക്കണമെന്ന ക്രൈസ്തവ മാനേജ്മെന്‍റുകളുടെ നിലപാടിനെതിരേ വി. ശിവൻകുട്ടി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനേജ്മെന്‍റുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കുകയും പ്രതിപക്ഷ പാർട്ടികൾ സമരം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് മന്ത്രിയുടെ നിലപാടിലെ മാറ്റം. സന്ദർശനം തികച്ചും സൗഹാർദപരമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. ഭിന്നശേഷി നിയമന വിഷയത്തിൽ പൊതു സമൂഹത്തിന്‍റെ ആശങ്ക ദുരീകരിക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ ആൻറണി ഏത്തക്കാട്ട്, കോർപ്പറേറ്റ് മാനേജർ ജോബി മൂലയിൽ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിഹാരം ഉടന്‍; ജോസ് കെ. മാണി

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വളരെ വിശദമായ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വിശദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിന് മുന്‍കൈയെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിശദമായ ആശയവിനിമയം നടത്തി. നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ നിലപാടാണ് മന്ത്രി വി. ശിവന്‍കുട്ടി ബിഷപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്വീകരിച്ചത്. കേരള കോൺഗ്രസ് എം ചെയർമാൻ എന്ന നിലയിൽ ഈ ചർച്ചയിൽ പങ്കാളിയായി.

സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ നിയമപരമായ വിഷയങ്ങളടക്കം മുഖ്യമന്ത്രിയുമായി ഈ മാസം 13ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കുമെന്നും, വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു