നയന്‍റെ പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: ഓട്ടിസം എന്ന വെല്ലുവിളിയെ എഴുത്തിലൂടെ മറികടക്കുന്ന കൊട്ടാരക്കര പുത്തൂര്‍ സ്വദേശി നയന്‍ എന്ന എഴുത്തുകാരന്‍റെ സൃഷ്ടികളില്‍ സംശയം പ്രകടിപ്പിച്ച് ഡോക്റ്ററുടെ കുറിപ്പ്. ഡോക്റ്റർ വിശ്വനാഥനാണ് ഇത്തരമൊരു സംശയം പങ്കുവച്ച് ഫെയ്സ് ബുക്ക് കുറിപ്പുമായി എത്തിയിരിക്കുന്നത്.
നയനിന്‍റെ പേരിൽ ഇന്നോളം വന്നിരിക്കുന്ന പുസ്തകങ്ങളിൽ ഉള്ളതെല്ലാം അദ്ദേഹത്തിന്‍റെ അമ്മയുടെ ആശയങ്ങൾ മാത്രമാവാനേ സാധ്യതയുള്ളൂ എന്നാണ് ഡോക്റ്റർ പറയുന്നത്. അമ്മയുടെ നിർദേശങ്ങൾക്കനുസരിച്ച് ഓരോ അക്ഷരമായി ടൈപ്പ് ചെയ്യുക എന്നതേ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സാധ്യമാകൂ എന്നതാണ് വസ്‌തുതയെന്നും സുഗമമായ ആശയവിനിമയം എന്ന കപടവിദ്യയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നതെന്നുമാണ് ഡോക്റ്റർ കുറിക്കുന്നത്.
മുഖ്യമന്ത്രി ഉത്തമ വിശ്വാസത്തിലും സദുദ്ദേശപൂർവവുമാണ് ഈ പരിപാടിയിൽ പങ്കാളിയായത് എന്നതിൽ തർക്കമില്ല. എങ്കിലും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിശ്വനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഡോക്റ്ററുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
നയൻ എന്ന ഓട്ടിസ്റ്റിക് വ്യക്തി എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു സംസാരിക്കുന്ന വാർത്ത കണ്ടു.
അപ്രിയമായ ഒരു അഭിപ്രായം പറയട്ടെ. നയനിന്‍റെ പേരിൽ ഇന്നോളം വന്നിരിക്കുന്ന പുസ്തകങ്ങളിൽ ഉള്ളതെല്ലാം അദ്ദേഹത്തിന്‍റെ അമ്മയുടെ ആശയങ്ങൾ മാത്രമാവാനേ സാധ്യതയുള്ളൂ. അമ്മയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ അക്ഷരമായി ടൈപ്പ് ചെയ്യുക എന്നതേ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സാധ്യമാകൂ എന്നതാണ് വസ്‌തുത.
Facilitated communication എന്ന "കപടവിദ്യ" ആണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. എന്താണ് ഇതെന്നതിനെക്കുറിച്ച് വിക്കിപീഡിയ ലേഖനത്തിലെ ആദ്യ ഭാഗം ഉദ്ധരിക്കാം:
"Facilitated communication (FC), or supported typing, is a scientifically discredited technique that claims to allow non-verbal people, such as those with autism, to communicate. The technique involves a facilitator guiding the disabled person's arm or hand in an attempt to help them type on a keyboard or other such device that they are unable to properly use if unfacilitated."
മുഖ്യമന്ത്രി ഉത്തമ വിശ്വാസത്തിലും സദുദ്ദേശപൂർവവുമാണ് ഈ പരിപാടിയിൽ പങ്കാളിയായത് എന്നതിൽ തർക്കമില്ല. എങ്കിലും ഇത് ഒഴിവാക്കേണ്ടതായിരുന്നു.
ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സഹജീവികളെ സമൂഹം കൂടുതൽ കരുണയോടെയും കരുതലോടെയും ചേർത്തുപിടിക്കണം. ഇത്തരം പ്രകടനങ്ങൾ അതിന്‍റെ നേർ വിപരീതമാണ്. അവരോടുള്ള ക്രൂരതയാണ്. ഏറ്റവും സ്നേഹപൂർവമാണ് ചെയ്യുന്നത്, രക്ഷിതാക്കളാണ് ചെയ്യുന്നത് എന്നതുകൊണ്ട് പീഡനം അതല്ലാതാകുന്നില്ല.
നിസ്സഹായതയുടെയും നിരാശയുടെയും കടലിലൂടെയുള്ളൊരു നീന്തലാണ് ബൗദ്ധിക വെല്ലുവിളികളുള്ള വ്യക്തികളുടെ കുടുംബങ്ങളുടെ ജീവിതം. കിട്ടുന്ന ഏതൊരു കച്ചിത്തുരുമ്പും അവർ ആശ്രയമാക്കും. അസ്ഥാനത്തു മിന്നുന്ന ഓരോ വെളിച്ചവും അവരെ തെറ്റായ ദിശയിലേക്ക് നീന്തിത്തുഴയിക്കും, കുഴയിക്കും . ഏറ്റവും ശാസ്ത്രീയവും ഏറ്റവും കൃത്യവും ഏറ്റവും ആശ്രയയോഗ്യവുമായ സഹായങ്ങൾ അവർക്ക് കിട്ടണം , മറിച്ചുളളതൊന്നും അവരിൽ എത്താതിരിക്കണം എന്നത് സമൂഹത്തിന് വേണ്ടൊരു കരുതലാണ്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ സഹായികളും ഭാവിയിലെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു.
പ്രത്യേകശ്രദ്ധക്ക്: ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സ് ഇപ്പോൾ ഓപ്പൺ ആണ്. മോശമായ/ അക്രമാസക്തമായ കമന്‍റുകൾ നീക്കും. അവരെ ബ്ലോക്ക് ചെയ്യും. ആവശ്യമെന്നു തോന്നിയാൽ കമന്‍റ് ബോക്സ് അടച്ചിടുകയും ചെയ്യും.