Gokulam Gopalan
ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഗോകുലം ഗോപാലന്‍റെ ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്‍റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്‌ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 'എമ്പുരാൻ' ചിത്രത്തിന്‍റെ നിർമ്മാതാവായിരുന്നു ഗോകുലം ഗോപാലൻ. റിലീസ് ചെയ്തതിന് ശേഷം ചിത്രം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റെയ്ഡ് അദ്ദേഹത്തിന്‍റെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണോ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നത് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ 2023 ഏപ്രിലിലും ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നു എന്നായിരുന്നു അന്ന് ഇഡിക്കു ലഭിച്ച പരാതി.