ബണ്ടി ചോർ
കൊച്ചി: കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംശയാസ്പദമായി ഒന്നുമില്ലെന്ന് വ്യക്തമായതോടെയാണ് വിട്ടയക്കുന്നതെന്ന് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടിചോറിനെ ഞായറാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ബി.എ. ആളൂരിനെ കാണാനായാണ് കൊച്ചിയിലെത്തിയതെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇവിടെ എത്തിയ ശേഷമാണ് ആളൂർ മരിച്ച വിവരം അറിഞ്ഞതെന്നും അദ്ദേഹം മൊഴി നൽകി. ഇതിനിടെയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇയാൾ മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും ഇതിന് ശേഷം പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടാണ് ഇയാളുടെ സാന്നിധ്യം പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് താൻ കേരളത്തിൽ വന്നതെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.