വി. അബ്ദുറഹ്മാൻ | ആന്‍റോ അഗസ്റ്റിൻ

 
Kerala

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

പണമിടപാടിന് പിന്നില്‍ സ്‌പോണ്‍സറുടെ ക്രിമിനല്‍ ലക്ഷ്യം വിലയിരുത്തിയില്ല

Namitha Mohanan

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ദുരുപയോഗം ചെയ്താണു ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിനുവേണ്ടി വിദേശത്തേക്കു പണം കൈമാറിയതെന്നു കണ്ടെത്തൽ. ഫുട്‌ബോള്‍ താരം മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്‍റെ രണ്ടാം റിപ്പോര്‍ട്ട്. ഏകദേശം 1.5 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള 120 കോടിയോളം രൂപയാണ് കരാറിന്‍റെ ഭാഗമായി അയച്ചത്.

സ്‌പോണ്‍സര്‍ ലക്ഷ്യമിട്ടത് കോടികളുടെ വരുമാനമാണെന്നും സര്‍ക്കാരിനുള്ള വരുമാനം കണക്കാക്കിയില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആര്‍ബിസിക്ക് നല്‍കിയതില്‍ ഗുരുതര ക്രമക്കേടുണ്ടന്നുമാണ് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരം നടത്താനുള്ള സാമ്പത്തിക സ്ഥിതി പരിശോധിക്കാതെയാണു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോണ്‍സറാക്കിയത്. കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്ന് അന്വേഷിച്ചില്ല. വിദേശത്തേക്ക് പണം അയക്കാനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു.

പണമിടപാടിന് പിന്നില്‍ സ്‌പോണ്‍സറുടെ ക്രിമിനല്‍ ലക്ഷ്യം വിലയിരുത്തിയില്ല. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഇടപാടുകളിലും ദുരൂഹതയുണ്ട്. കരാറിന്‍റെ ഭാഗമായി വിദേശത്തേക്ക് പണം അയച്ചത് ഫെമ ചട്ടം ഷെഡ്യൂള്‍ 2 പ്രകാരമാണ്. ഇതിലൂടെ സ്‌പോണ്‍സര്‍ക്ക് ബങ്ക് ഗ്യാരന്‍റി ഒഴിവായിക്കിട്ടി. ഇതില്‍ കായിക വകുപ്പിന്‍റെ ഗൂഢാലോചന സംശയിക്കുന്നു. സ്റ്റേഡിയം കൈമാറ്റത്തിലും കഴിഞ്ഞ സര്‍ക്കാരിനു പങ്കുണ്ട്. മുന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ച പറ്റി. 2025 ഒക്‌റ്റോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റേഡിയം കൈമാറ്റത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ യോഗത്തിന്‍റെ മിനുട്‌സ് കണ്ടെത്തണം. സര്‍ക്കാര്‍ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഉപയോഗിക്കാന്‍ യോഗം തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടില്‍ ജിസിഡിഎക്കും പങ്കുണ്ട്. സ്റ്റേഡിയത്തിന്‍റെ വാടക ഒഴിവാക്കിയത് കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കായിക വകുപ്പ് കൈമാറി. നിലവില്‍ വിവാദം അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച എഡിജിപി പി.വിജയന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഈ റിപ്പോര്‍ട്ട് കൈമാറും. അതേസമയം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് കായിക വകുപ്പിനും ധനവകുപ്പിനും പ്രത്യേക അന്വേഷണ സംഘം കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

അറ്റകുറ്റപ്പണി; വിവിധ ട്രെയ്‌നുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം

അങ്കമാലിയിൽ വൻ ലഹരി വേട്ട; ആലപ്പുഴ സ്വദേശികൾ പിടിയിൽ