Kerala

നിയമന കോഴക്കേസിൽ ആദ്യ അറസ്റ്റ്; അഭിഭാഷകനായ റഹീസ് അറസ്റ്റിൽ

ആരോഗ്യ കേരളത്തിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചത് റഹീസ്

തിരുവനന്തപുരം: ആയുഷ്‌ മിഷന്‌ കീഴിൽ നിയമിക്കാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന്‌ ആയുഷ്‌ മിഷന്‍റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട്‌ കൊയിലാണ്ടി എകരൂൽ സ്വദേശി എം.കെ, റെയീസിനെയാണ്‌ കന്‍റോൺമെന്‍റ് പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കേസിൽ ആദ്യമായാണ്‌ ഒരാൾ അറസ്റ്റിലാകുന്നത്‌.

തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ അഖിൽ സജീവിനെയും കോഴിക്കോട്‌ സ്വദേശി ലെനിൻ രാജിനെയും കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു. ഇരുവരെയും പ്രതിചേർത്തുള്ള റിപ്പോർട്ട്‌ കന്‍റോൺമെന്‍റ് പൊലീസ്‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്‌ റെയീസിനെയും മലപ്പുറം സ്വദേശി ബാസിതിനെയും തിരുവനന്തപുരത്തെത്തിച്ച്‌ ചോദ്യം ചെയ്‌തത്‌. സിറ്റി പൊലീസ്‌ മേധാവി സി. എച്ച്‌. നാഗരാജുവിന്‍റെയും കന്‍റോൺമെന്‍റ് അസി. കമീഷണർ സ്റ്റ്യുവർട്ട്‌ കീലറിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ സജീവും റെയീസും ചേർന്ന്‌ വ്യാജ രേഖയുണ്ടാക്കിയതിന്‍റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്‍റെയും തെളിവുകൾ പൊലീസിനു ലഭിച്ചു. ചോദ്യം ചെയ്യലിലുടനീളം കുറ്റം നിഷേധിക്കുന്ന സമീപനമാണ്‌ റയീസ്‌ സ്വീകരിച്ചത്‌. എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

റെയീസിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ബാസിതിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണു പൊലീസ്‌ നീക്കം. അതേസമയം, ആരോപണം ഉന്നയിച്ച ഹരിദാസനെയും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഹരിദാസനെ വീണ്ടും മൊഴിയെടുക്കാനായി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം ഹരിദാസന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ഇയാൾ ഒളിവിലായിരിക്കാമെന്നാണ് വിലയിരുത്തൽ.

അഖില്‍ സജീവോ ലെനിനോ ബാസിതും റഹീസുമായി പണമിടപാട് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ സജീവിനേയും ലെനിന്‍ രാജിനേയും വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്‍റെ പരാതിയിലാണ് നടപടി. ഇവര്‍ രണ്ട് പേരും തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍. ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫിസിലുള്ളയാളും സുഹൃത്തും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹരിദാസന്‍റെ ആരോപണം. എന്നാല്‍ അഖില്‍ മാത്യുവിന് ഹരിദാസ് പണം നല്‍കിയതായി ഇതുവരെ സ്ഥിരീകരണമില്ല. എന്നാല്‍ അഖില്‍ സജീവിന് 20000 രൂപ നല്‍കിയതായും ലെനിന്‍ രാജിന് 50000 രൂപ നല്‍കിയതായും രേഖകളുണ്ട്. അഖില്‍ സജീവ് വ്യാജ ഇമെയില്‍ ഉണ്ടാക്കിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു