ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രന്‍പിള്ള 
Kerala

കലൂർ നൃത്തപരിപാടിക്ക് അനുമതി നൽകിയത് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രന്‍പിള്ള

മൈതാനത്തിന് കേടുപാടുകളുണ്ടോ എന്ന ആശങ്ക ബ്ലാസ്റ്റേഴ്സ് അധികൃതർ ജിസിഡിഎയെ അറിയിച്ചിട്ടുണ്ട്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപാരിപാടിക്ക് അനുമതി നൽകിയത് ജിസിഡിഎ ചെയർമാന്‍റെ നിർദേശപ്രകാരം‌. കലൂർ സ്റ്റേഡിയത്തിൽ ഐഎസ്എൽ നടക്കുന്നതിനാൽ മറ്റൊരു പരിപാടിയും പാടില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് മറികടന്ന് കൊണ്ടാണ് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രന്‍പിള്ള 9 ലക്ഷം രൂപ വാടക നിശ്ചയിച്ചതും അനുമതി നൽകിയതും.

മൈതാനത്തിന് കേടുപാടുകളുണ്ടോ എന്ന ആശങ്ക ബ്ലാസ്റ്റേഴ്സ് അധികൃതർ ജിസിഡിഎയെ അറിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ ഹൗം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം. ഉടമസ്ഥാവകാശം ജിസിഡിഎയ്ക്ക് ആണെങ്കിലും, സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് ചുമതല ബ്ലാസ്റ്റേഴ്സിനാണ്.

ഈ സാഹചര്യത്തിൽ ജിസിഡിഎ എൻജിനിയർമാരുടെ സാന്നിധ്യത്തിലാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ പരിശോധന നടത്തുക. സ്റ്റേഡിയം ടർഫിൽ കാരവൻ കയറ്റിയതായി ആക്ഷേപം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ ടർഫിന് കേടുപാടുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സെപ്റ്റംബർ 28 നാണ് കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കുന്നതിനായി മൃദംഗവിഷൻ എംഡി നിഘോഷ് കുമാർ ജിസിഡിഎ യോട് അനുമതിയ്ക്കായി അപേക്ഷ നൽകുന്നത്. എന്നാൽ ജനുവരിയിൽ ഐഎസ്എൽ നടക്കുന്നതിന്‍റെ ഭാഗമായി നൃത്തപരിപാടിക്ക് അനുമതി നൽകുവാൻ സാധിക്കില്ലെന്ന് ജിസിഡിഎ എസ്റ്റേറ്റ് സൂപ്രണ്ട് കെ.എ. സിനി മറുപടി നൽകുകയായിരുന്നു.

സ്റ്റേഡിയം ഫിഫ മാനദണ്ഡങ്ങൾ പാലിച്ച് സജ്ജീകരിച്ചിട്ടുള്ളതും. ബൈലോ പ്രകാരവും സർക്കാർ നിയമപ്രകാരവും സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്ക് മാത്രമാണ് അനുവദിക്കാൻ കഴിയുകയെന്നും എസ്റ്റേറ്റ് സൂപ്രണ്ട് പറഞ്ഞിട്ടുണ്ട്.

എന്നാൽ പിന്നീട് അനുമതി നിഷേധി‌ച്ചുകൊണ്ട് എസ്റ്റേറ്റ് സൂപ്രണ്ട് കെ.എ. സിനി നൽകിയ ഫയലിൽ എസ്റ്റേറ്റ് ഓഫിസർ അനുകൂലമായി റിപ്പോർട്ട് നൽകുകി ഒപ്പുവെയ്ക്കുകയായിരുന്നു. അതേദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് എൻഒസി ലഭിക്കാൻ അപേക്ഷിക്കാമെന്നും ഇതു കിട്ടുന്ന മുറയ്ക്ക് സ്റ്റേഡിയം അനുവദിക്കാമെന്നും ജിസിഡിഎ സെക്രട്ടറിയും, ചെയർമാനായ ചന്ദ്രൻ പിള്ളയും ഇതിന്മേൽ തീരുമാനമെടുത്തത് അന്നു തന്നെയാണ്.

പിന്നീട് 9 ലക്ഷം രൂപ വാടകയും 5 ലക്ഷം രൂപ ഡിപ്പോസിറ്റും സ്വീകരിച്ച് ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലം ഒഴിവാക്കി പരിപാടി നടത്താൻ സ്റ്റേഡിയം അനുവദിക്കാമെന്ന് ചന്ദ്രൻ പിള്ള വ്യക്തമാക്കി. അതേദിവസം തന്നെ മൃദംഗവിഷനിൽ നിന്ന് ജിഎസ്ടി ഉൾപ്പെടെ 15,62,000 രൂപ ജിസിഡിഎയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്നും ഇതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു