എം.ബി. രാജേഷ്| ഹർഷിത അത്തല്ലൂരി
തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കരുതെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരിക്ക് സർക്കാർ നിർദേശം. ബെവ്കോ ശുപാർശയിൽ തത്ക്കാലം ചർച്ച പോലും വേണ്ടെന്നാണ് സർക്കാർ തീരുമാനം.
വരുമാന വർധനവിനുള്ള ബെവ്കോയുടെ ശുപാർശയിൽ എതിർപ്പില്ലെന്നും എന്നാൽ പുതിയ തീരുമാനം നിലവിൽ നടപ്പാക്കേണ്ടെന്നുമാണ് സർക്കാർ നിലപാട്. ശുപാർശ പുറത്തു വന്നതിനു പിന്നാലെ ഇത് ഇടത് നിലപാടല്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി നിർദേശം തള്ളിയിരുന്നു. ശേഷവും ബെവ്കോ എംഡി വിശദീകരണവുമായി രംഗത്തെത്തിയതിൽ സർക്കാരിന് അതൃപ്തിയുണ്ട്.
വീടുകൾ മദ്യശാലകളാവില്ലെന്നും പ്രായപൂർത്തിയാവാത്തവർ മദ്യം ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടത് എക്സൈസും പൊലീസുമാണെന്നും ഹർഷിത അത്തല്ലൂരി വിശദീകരിച്ചതോടെ എക്സൈസ് മന്ത്രി തന്‍റെ തീരുമാനമാണ് അന്തിമമെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി. പിന്നാലെയാണ് ഇനി പ്രതികരിക്കരുതെന്ന് ഹർഷിതക്ക് സർക്കാർ നിർദേശം നൽകിയത്.