തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ ഒരുക്കിയ വിരുന്നിൽ നിന്ന് വിട്ടു നിന്ന് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ഗവർണർ ക്ഷണിച്ചിരുന്നു. എന്നാൽ ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുക്കുന്നില്ല. മേയർ സ്ഥാനം നൽകാത്തതിന്‍റെ പേരിൽ ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ് ശ്രീലേഖ. കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രീലേഖ ബാലറ്റിൽ ഒപ്പുവെക്കാതെ വോട്ട് അസാധുവാക്കുകയായിരുന്നു.
കോർപ്പറേഷനിൽ ആദ്യമായി ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്. ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. എന്നാൽ വിരുന്നിന് ചുവപ്പ് ധരിച്ച് ഇടതു കൗൺസിലർമാർ എത്തുകയായിരുന്നു. ഷോൾ അണിയിച്ച് കൗൺസിലർമാരെ ഗവർണർ സ്വാഗതം ചെയ്യുകയായിരുന്നു.