കേരളത്തിൽ ശക്തമായ മഴ തുടരുന്നു

 
Kerala

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

മഴയുടെ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 10ന് ജില്ലാ കലക്റ്റർമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്

Sarath Nath MS

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പത്തനംതിട്ട ജില്ലയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശബരിമല മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ റാന്നിയിലും സമീപ പ്രദേശങ്ങളിലുമായി നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ-രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കോഴഞ്ചേരിയിൽ ആറൻമുള എംഎൽഎ അബിൻ വർക്കി, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പം മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ നിർബന്ധമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ കലക്റ്റർമാർ തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 10ന് ജില്ലാ കലക്റ്റർമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റ് രണ്ട് രാവിലെ 8.30 മുതൽ ഓഗസ്റ്റ് മൂന്ന് രാവിലെ 5.30 വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലെ വെൺകുറിഞ്ഞിയിലാണ് (104.5 മില്ലീമീറ്റർ). ഇടുക്കിയിലെ ഉടുമ്പന്നൂർ (103 മില്ലീമീറ്റർ), ചെറുതോണി (101.5 മില്ലീമീറ്റർ) എന്നിവിടങ്ങളും 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി.

പത്തനംതിട്ടയിലെ ലാഹയിൽ 87 മില്ലീമീറ്ററും ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരിയിൽ 80 മില്ലീമീറ്ററും മഴ ലഭിച്ചു. എറണാകുളത്തെ നേര്യമംഗലം (75 മില്ലീമീറ്റർ), പത്തനംതിട്ടയിലെ ഉളനാട് (74.5 മില്ലീമീറ്റർ), മട്ടാഞ്ചേരി (71 മില്ലീമീറ്റർ), റാന്നി ചെത്താക്കൽ (65.5 മില്ലീമീറ്റർ), കോട്ടയത്തെ വടവാതൂർ (64 മില്ലീമീറ്റർ), പള്ളുരുത്തി (63 മില്ലീമീറ്റർ), തൃശൂരിലെ മുനക്കൽ (62 മില്ലീമീറ്റർ) എന്നിവിടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൊന്നു

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ