തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് വേണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി ഓഡിറ്റ് വേണമെന്നാണ് നിർദേശം.
നിലവിലെ ഓഡിറ്റ് സംവിധാനം പര്യാപ്തമല്ല. അതിനാൽ തന്നെ വേഗത്തിൽ ഓഡിറ്റ് പൂർത്തിയാക്കാനുള്ള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാനും നിർദേശിക്കുന്നു.
2022 വരെയുളള കണക്കുകളാണ് ദേവസ്വം സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഓഡിറ്റ് നടപടികൾ കൃത്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി.