കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ഇടുക്കി: എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അങ്ങനെ താൻ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവച്ച് രാഷ്ട്രീയത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എയിംസ് ആലപ്പുഴയിൽ വേണമെന്നാണ് 2015 മുതൽ എടുത്ത നിലപാട്. അത് ആവർത്തിക്കുകയാണ്. ആ നിലപാട് മാറ്റാൻ സാധിക്കില്ല. ആലപ്പുഴയിൽ അല്ലെങ്കിൽ തൃശൂരിൽ എയിംസ് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എവിടെയോ സ്ഥലം വാങ്ങി അവിടെ ചെയ്തേക്കൂ എന്നു കേരള സർക്കാരിനു പറയാൻ സാധിക്കില്ല. രാജ്യത്തിന്‍റെ വികസനത്തിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ കളളവോട്ട് ആരോപണങ്ങളെ സംബന്ധിച്ച് സുരേഷ് ഗോപി സംവാദത്തിൽ പ്രതികരിച്ചു. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
"25 വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ഞാൻ ജയിച്ചത് ബിജെപിക്ക് സ്വാധീനമുളള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല. സ്വാധീനം ജനിക്കുക പോലുമില്ലെന്നു പറയുന്ന തൃശൂരിലാണ്"- സുരേഷ് ഗോപി പറഞ്ഞു.