VD Satheesan
file image
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും ഒഴിവാക്കുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അസറ്റ് മാനേജ്മെന്‍റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്മെന്‍റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജിഐഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തിൽ ലൊക്കേഷൻ കോർഡിനേറ്റുകൾ, ഫണ്ട് സ്രോതസുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കും.
സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ശമ്പളാവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ടെന്നും കാലഹരണപ്പെട്ടതും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ സംയോജിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ ഡാറ്റാ സുരക്ഷ സുപ്രധാന വിഷയമായതിനാൽ സംസ്ഥാനത്തെ ഏജൻസികൾക്കാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്ന നിയമപരമായ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്തു ഭേദഗതി വരുത്തും. പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടലുകൾ ലളിതമാക്കാൻ പ്രോസസ് റീ-എഞ്ചിനീയറിങ് നടപ്പിലാക്കും.
ഇതിന്‍റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങൾ പൂർണമായും ആധുനികവൽക്കരിക്കും. മുൻഗണനാ പദ്ധതികളുടെ നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ ഒരു എംപവേർഡ് കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ
തിരുവനന്തപുരം ജില്ലയിൽ ബ്രഹ്‌മോസ് ഏറോസ്‌പേസിന് നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൂടി ഡിആർഡിഒയ്ക്കു വിട്ടുനൽകും
കെൽട്രോണിന്‍റെ അംഗീകൃത ഓഹരി മൂലധനം 35 കോടി രൂപയിൽ നിന്നും 60 കോടി രൂപയായി ഉയർത്തും
ജി. ശശീന്ദ്രനെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും (വിജിലൻസ്) ഡോ. കെ.കെ. രാമചന്ദ്രനെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്‍റിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും നിയമിച്ചു.
ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും.
ലഹരി കേസുകളിലെ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ചെലവാക്കുന്ന തുക റീഇംബേഴ്സ് ചെയ്യുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കും.