കോഴിക്കോട് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം: വിദ്യാർഥിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയേക്കും
കോഴിക്കോട്: പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വിദ്യാർഥിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയേക്കും. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പരീക്ഷ എഴുതേണ്ട വിദ്യാർഥിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.
കടമേരി ആർഎസി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുത്തുന്ന മലപ്പുറം സ്വദേശി മുഹമ്മദ് മിസ്ഹബ് എന്ന വിദ്യാർഥിക്ക് പകരമായാണ് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിൽ പരീക്ഷയെഴുതാനെത്തിയത്.
രണ്ടുപേരും കടമേരി റഹ്മാനിയ കോളെജിൽ മതപഠനത്തിനെത്തിയപ്പോൾ ഉളള സൗഹൃദമാണ്.
ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടം നടന്ന കാര്യം മനസിലായത്.
തുടർന്ന് അധ്യാപകൻ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.