ഹരിപ്പാട് താലൂക്ക് ആശുപത്രി
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ അണുബാധ സ്ഥിരീകരിച്ച് അധികൃതർ. അണുബാധയ്ക്കൊപ്പം രക്ത സമ്മർദം അപകടകരമായി താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ‍്യ ഡയറക്റ്റർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
രണ്ടു ഡെപ‍്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതും ആരോഗ‍്യ ഡയറക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചതും. ആരോഗ‍്യ ഡയറക്റ്റർ നിയോഗിച്ച വിദഗ്ദ സംഘം പരിശോധന തുടരുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 29ന് ആയിരുന്നു ഹരിപ്പാട് ആശുപത്രിയിൽ 26 പേർ ഡയാലിസിസിന് വിധേയരായത്. കായംകുളം സ്വദേശിയായ മദീദും ഹരിപ്പാട് സ്വദേശിയായ രാമചന്ദ്രനും ജീവൻ നഷ്ടമായി. 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അണുബാധയാണ് മരണത്തിന് കാരണമായതെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.