കെ.എസ്. അനുരാഗ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി ഒപചാരികമായി ഏറ്റെടുക്കുന്നു.
ഇരിങ്ങാലക്കുട: ചരിത്രം തിരുത്തിക്കുറിച്ചു. കെ.എസ്. അനുരാഗ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനായ അനുരാഗ് ജോലിയിൽ പ്രവേശിക്കാൻ ദേവസ്വം ഓഫിസിലേക്ക് എത്തിയത്.
ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയാണെന്ന് വെള്ളിയാഴ്ച്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്‍റെ നിയമനത്തിനുള്ള തടസം ഹൈക്കോടതി നീക്കിയതായി അറിയിച്ച് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അനുരാഗിനുള്ള അഡ്വൈസ് മെമ്മോ അയച്ചത്.
ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ബി.എ. ബാലു, ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്. ചേർത്തല സ്വദേശിയായ അനുരാഗ് അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ജോലിയിൽ പ്രവേശിക്കാൻ ദേവസ്വം ഓഫിസിൽ എത്തിയത്.
അതേസമയം, കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമന വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്നും, തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലനീയവും പ്രതിഷേധാർഹവുമാണെന്നും സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം കുറ്റപ്പെടുത്തി.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ പിന്തുണ നൽകി മുന്നോട്ടു പോകാനാണ് സമസ്തകേരള വാര്യർ സമാജത്തിന്‍റെ തീരുമാനം.