Kerala

കലോത്സവത്തിലെ അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ

കേരള സർവകലാശാല കലോത്സവം ചരിത്രത്തിൽ ആദ്യമായി നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു

Renjith Krishna

തിരുവനന്തപുരം: കേരള സർവകലാശാലാ കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പരാതി. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.എ. നന്ദനാണ് എഡിജിപിക്ക് പരാതി നൽകിയത്. കോഴ ഇടപാടിന്‍റെ തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.

കേരള സർവകലാശാല കലോത്സവം ചരിത്രത്തിൽ ആദ്യമായി നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഓരോ മത്സര ഫലത്തിനും പണം ആവശ്യപ്പെട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. മത്സരാർഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കളുടെയും ഇടനിലക്കാരുടെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിൾ ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം ചേർത്തുകൊണ്ടാണ് എസ്എഫ്ഐ പരാതി നൽകിയിരിക്കുന്നത്. അതേസമയം, കലോത്സവ നടത്തിപ്പിൽ എസ്എഫ്ഐയിൽ തന്നെ എതിർപ്പ് രൂക്ഷമാണ്. കലോത്സവത്തിനിടെ നടന്ന സംഘർഷത്തിന് പിന്നിൽ എസ്എഫ്ഐയുടെ തമ്മിൽത്തല്ലെന്നാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആരോപണം. സംഘർഷത്തിന് പിന്നിൽ പാളയം എസ്എഫ്ഐ ഏരിയ കമ്മിറ്റിയാണെന്ന ജില്ലാ കമ്മിറ്റിയുടെ വിമർശനം സംഘടനയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അഴിമതി ആരോപണത്തിൽ നിയമ നടപടിക്ക് തീരുമാനമെടുത്തത്. കേസിലെ ഇടനിലക്കാരൻ മറ്റു സർവകലാശാലകളിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.

കടുത്ത ശിക്ഷ വേണം: മന്ത്രി ബിന്ദു

കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കേരളത്തിന്‍റെ അഭിമാന മേളകളെ ഇത്തരത്തിൽ കളങ്കപ്പെടുത്താൻ സമ്മതിക്കില്ല. വിദ്യാർഥികൾ മികച്ച രീതിയിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ മാതൃകാപരമായി നടപടി സ്വീകരിക്കണം- മന്ത്രി ചൂണ്ടികാട്ടി.

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; നിരക്കറിയാം!