പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോയാൽ കേരളത്തിന് 2,000 കോടി രൂപ നഷ്ടം; അങ്ങനെ പിന്മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

 

file image

Kerala

പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോയാൽ കേരളത്തിന് 2,000 കോടി രൂപ നഷ്ടം; അങ്ങനെ പിന്മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കരാർ പ്രകാരം സംസ്ഥാനത്തിന് ഏകപക്ഷീയമായി ഇതിൽ നിന്ന് പിന്മാറാൻ കഴിയില്ല

Namitha Mohanan

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ നിയമപരമായ അവകാശമില്ലെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ കേരളത്തിന് 2,000 ഓളം കോടി രൂപയുടെ കേന്ദ്രവിഹിതം നഷ്ടമാകുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണ് പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും ഇതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വലിയൊരു പ്രതിസന്ധിയിലാക്കുകയാണ് മുൻ സർക്കാർ ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കരാർ പ്രകാരം സംസ്ഥാനത്തിന് ഏകപക്ഷീയമായി ഇതിൽ നിന്ന് പിന്മാറാൻ കഴിയില്ല. കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം 30 ദിവസത്തെ നോട്ടീസ് നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമായി നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയിലാണ് മുൻ സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി 304 സ്കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കേണ്ടത്. ഒരു സ്കൂളിന് ഒരു കോടി രൂപ വീതം മൂന്ന് വർഷത്തേക്ക് ലഭിക്കുമ്പോൾ 900 കോടിയിലധികം രൂപ ഈ ഇനത്തിൽ മാത്രം നഷ്ടമാകും. പദ്ധതിയുടെ ആകെ ചെലവിന്‍റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.

ഇതിനുപുറമെ, സമഗ്ര ശിക്ഷാ കേരളയുടെ ഇനത്തിൽ 2025-26 വർഷം വരെ സംസ്ഥാനത്തിന് ലഭ്യമാകേണ്ട 1151.48 കോടി രൂപയും തടസപ്പെടും. ഫണ്ട് തടഞ്ഞുവെച്ചതിനെ തുടർന്നാണ് മുൻ സർക്കാർ ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിതമായത്. ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ എസ്എസ്കെക്ക് തടഞ്ഞുവെച്ചിരുന്ന 99.27 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആശങ്കകൾ ഉയർന്നതോടെ തുടർനടപടികൾ താൽക്കാലികമായി നീട്ടിവെക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ചുരുക്കത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ രണ്ടായിരത്തോളം കോടി രൂപ സംസ്ഥാനത്തിന് പൂർണമായും നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി സഭയെ അറിയിച്ചു.

മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പു വെക്കുന്നതിന് മുൻപ് വിദ്യാഭ്യാസ വിദഗ്ധരുമായോ മറ്റ് കോണുകളിലോ യാതൊരുവിധ കൂടിയാലോചനകളും നടത്തിയതായി രേഖകളിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിമാരുടെ സമിതി നൽകിയ ശുപാർശയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ആശങ്കകൾ പരിശോധിക്കാൻ മുൻ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നെങ്കിലും പ്രസ്തുത കമ്മിറ്റി യോഗം ചേരുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല.വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ളതായതിനാൽ സംസ്ഥാനങ്ങൾക്കും കൃത്യമായ അവകാശമുണ്ടെന്നും വിദ്യാലയങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാൻ സംസ്ഥാനത്തിന് പ്രാമുഖ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍

ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ്ങിനിടെ വെടിവെപ്പ്; 5 മരണം

"സർ കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പോ തരാം"; വള്ളത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ലെക്സ്

വനിതാ കൗൺസിലർമാരുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു; ആരോപണവുമായി മേയർ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം