Kerala

പ്രചാരണപ്പൂരത്തിന് ഇന്ന് കൊട്ടിക്കലാശം

#പി.ബി. ബിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള കാടിളക്കിയുള്ള പ്രചാരണത്തിനും ശബ്ദ കോലാഹലങ്ങൾക്കും ഇന്ന് വൈകുന്നേരത്തോടെ സമാപനം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെ അവസാനിക്കും. നാളെ മുതൽ നിശബ്ദ പ്രചാരണമാണെങ്കിലും വെള്ളിയാഴ്ച അവസാന വോട്ടും പെട്ടിയിലാകുന്നതു വരെ തന്ത്രങ്ങളുമായി മുന്നണികളും സ്ഥാനാർഥികളും കളത്തിലുണ്ടാകും.

വിവാദങ്ങളും പരാതികളുമെല്ലാം നിറഞ്ഞ പ്രചാരണാവേശത്തിന് ശേഷം അവസാന നിമിഷത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കി മാറ്റാൻ വേണ്ടിയുള്ള ഓട്ടമാണ് ഇന്നും നാളെയും. സമൂഹ്യ മാധ്യമങ്ങളിലും പോരടിച്ചും അവകാശവാദങ്ങൾ മുഴക്കിയും മത്സരം തങ്ങളുടെ വരുതിയിലാക്കാനുള്ള അവസാന മണിക്കൂറുകൾ‌.

വൈകുന്നേരം മൂന്ന് മുതൽ നഗരകേന്ദ്രങ്ങളെല്ലാം കൊട്ടിക്കലാശത്തിന്‍റെ വേദികളായി മാറുമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് പൊലീസും തെരഞ്ഞെടുപ്പ് നിരീക്ഷകരും. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. മദ്യ വിൽപ്പനശാലകളും രണ്ട് ദിവസം അവധിയായിരിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വെള്ളിയാഴ്ച ആറ് മണിക്ക് ശേഷമാകും തുറക്കുക. വോട്ടെണ്ണൽ ദിനമായ ജൂണ്‍ 4നും മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല.

ശ്രദ്ധിക്കേണ്ടവ

  • ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

  • തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല.

  • മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല.

  • ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു